പ്രസവത്തിൽ കുഞ്ഞിൻ്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടു; ആലപ്പുഴ വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി
ആലപ്പുഴ: വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. പ്രസവത്തിൽ കുഞ്ഞിൻ്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടെന്ന പരാതിയുമായി ആലപ്പുഴ റെയിൽവെ വാർഡ് സ്വദേശികളായ വിഷ്ണുവും അശ്വതിയും. ആറു മാസത്തിനുള്ളിൽ ഭേദമാകും എന്ന് ഡോക്ടർ ഉറപ്പു നൽകിയെങ്കിലും ഒരു വർഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല. കഴിഞ്ഞ ദിവസം ആരോപണം നേരിട്ട ഡോക്ടർ പുഷ്പക്ക് എതിരെ കുടുംബം പൊലീസിൽ പരാതി നൽകി.
ഗർഭിണിയായ ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ കാണിക്കാൻ പണം തികയാതെ വന്നതോടെയാണ് വിഷ്ണു സർക്കാർ ആശുപത്രിയിൽ അഭയം തേടിയത്. ഒടുവിൽ വനിതാ ശിശു ആശുപത്രിയിൽ കുട്ടി ജനിച്ചു. കുട്ടിയുടെ വലതു കൈക്ക് ചലനശേഷി നഷ്ടപ്പെട്ടു എന്ന് കാര്യം ആദ്യം മറച്ചുവച്ചു. മാതാപിതാക്കൾ സംശയമുന്നയിച്ചത്തോടെയാണ് കാര്യം പറയുന്നത്. നിലവിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. മൂന്ന് മാസത്തിനുള്ളിൽ മാറ്റമില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ വനിത ശിശു ആശുപത്രിയിലെ ഡോക്ടർക്ക് എതിരെ നടപടി വേണമെന്നും ആവശ്യപെട്ടിട്ടുണ്ട്. ഡിവൈഎസ്പി ക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉണ്ടായ വാർത്തയ്ക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി ദമ്പതികൾ രംഗത്തെത്തിയത്. അസാധരണ വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിയാണ് അസാധരണ വൈകല്യത്തോടെ ജനിച്ചത്.
ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ് കുടുംബത്തിൻ്റെ പരാതി. വൈകല്യങ്ങൾ ഗർഭകാലത്തെ സ്കാനിംഗിൽ ഡോക്ടർമാർ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് ദമ്പതികൾ കേസ് നൽകിയിരിക്കുന്നത്. സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഇല്ലായിരുന്നുവെന്നാണ് ദമ്പതികൾ പറയുന്നത്.