Latest News

സർക്കാരുമായുള്ള പോരിൽ അയഞ്ഞ് ഗവർണ്ണർ

 സർക്കാരുമായുള്ള പോരിൽ അയഞ്ഞ് ഗവർണ്ണർ

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ ഗവർണ്ണർ അയവ് വരുത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു. സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ വരെ സിപിഎം നേതാക്കൾ ഗവ‍ർണ്ണറെ വെല്ലുവിളിച്ചു. ഇതെല്ലാം നാടകമാണെന്നാണ് പ്രതിപക്ഷനേതാവിൻറെ ആരോപണം.

ആവശ്യപ്പെട്ടിട്ടും രാജ്ഭവനിലെത്താതിരുന്ന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുന്നിൽ രാജ്ഭവന്റെ വാതിൽ ഇനി തുറക്കില്ലെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നത്. ഇരുവർക്കുമെതിരെ കേന്ദ്ര സർവ്വീസ് ചട്ടപ്രകാരമുള്ള നടപടിയിലേക്ക് ഗവർണ്ണർ കടക്കുമെന്നും സൂചനകളുണ്ടായി. പക്ഷെ വൈകിട്ട് രാജ്ഭവൻ വിശദീകരണക്കുറിപ്പ് പുറത്തിറക്കി.

വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സ്വാഗതം. ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയോടെ വരാം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയുള്ള ഗവർണ്ണറുടെ നീക്കത്തിനെതിരെ സിപിഎം കടന്നാക്രമണം നടത്തിയിരുന്നു.

ദി ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ ദേശവിരുദ്ധ പരാമർശം അവസാനിച്ചെന്നാണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും നിലപാട്. പരാമർശം തെറ്റാണെങ്കിൽ വിവരം അഭിമുഖത്തിൽ ചേർക്കാനാവശ്യപ്പെട്ട പിആർ ഏജൻസിക്കെതിരെ എന്ത് നടപടി എന്നാണ് ഗവർണ്ണറുടെ ആവർത്തിച്ചുള്ള ചോദ്യം. ഉദ്യോഗസ്ഥരുടെ കാര്യത്തിലെന്ന പോലെ പരാമർശ വിവാദത്തിലും ഗവർണ്ണർ അയഞ്ഞോ എന്ന് വ്യക്തമല്ല. എന്നാൽ ഇതെല്ലാം സർക്കാറിന്റെയും ഗവർണ്ണറുടെയും ഡീലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes