Latest News

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി

 തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി. ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിലാണ് നടപടി.

ദേവസ്വം ഓഫീസർ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയ ഹൈക്കോടതി പുതിയ സത്യവാങ്മൂലം നൽകണമെന്നും ആവശ്യപ്പെട്ടു. ദേവസ്വം ഓഫീസറെ കടുത്ത ഭാഷയില്‍ ഹൈക്കോടതി വിമർശിക്കുകയും ചെയ്തു. അടിമുടി ലംഘനമാണ് നടത്തിയതെന്ന് ഹൈക്കോടതി പറഞ്ഞു. ഭക്തരുടെ ജീവനാണ് അപകടത്തിലാക്കുന്നത്. ദേവസ്വം ഓഫീസര്‍ക്ക് മതിയായ വിശദീകരണം നല്‍കാനായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദേവസ്വം ഓഫീസറോട് ഹൈക്കോടതി കടുത്ത ചോദ്യങ്ങളാണുയർത്തിയത്. ദേവസ്വം ഓഫീസര്‍ക്ക് സാമാന്യ ബുദ്ധിയുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സത്യവാങ്മൂലത്തില്‍ ഇങ്ങനെയൊക്കെ എഴുതി നല്‍കാന്‍ ആരാണ് പറഞ്ഞതെന്നും ദേവസ്വം ഓഫീസറുടെ പിന്നിലാരാണെന്നും കോടതി ചോദിച്ചു. മഴയും ആള്‍ക്കൂട്ടവും മൂലമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതെന്ന വാദം അംഗീകരിക്കാനാവില്ലെന്നും മഴയും ആള്‍ക്കൂട്ടവും വരുമ്പോള്‍ അപകടമുണ്ടാകാതിരിക്കാനാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നൽകുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന പൂരം കാണാന്‍ പോകുന്നത് അവരല്ല, ദേവസ്വം ഓഫീസറാണെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

ദേവസ്വം ഓഫീസറുടെ ചുമതലകള്‍ എന്തൊക്കെയാണെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ വന്നാല്‍ എന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. ഭക്തര്‍ വന്ന് പറഞ്ഞാല്‍ കോടതിയുടെ ഉത്തരവ് പാലിക്കാതെ ഇരിക്കുമോ. ചെറിയ ബുദ്ധിയില്‍ തോന്നുന്ന കാര്യങ്ങള്‍ ഇവിടെ ഇറക്കരുത്. ദേവസ്വം ഓഫീസറുടെ പിന്നിലാരെന്ന് പറയണം. സത്യവാങ്മൂലത്തില്‍ ഇങ്ങനെയൊക്കെ എഴുതി നല്‍കാന്‍ ആരാണ് പറഞ്ഞത്. ദേവസ്വം ഓഫീസര്‍ക്ക് സാമാന്യ ബുദ്ധിയുണ്ടോ.ദുരന്തമുണ്ടായാല്‍ ആരാണ് ഉത്തരവാദി. സ്‌റ്റേറ്റില്‍ നിയമ വാഴ്ചയില്ലേ. ചുറ്റുമുള്ള ആളുകളെക്കുറിച്ച് ഒരു ചിന്തയുമില്ലേ. കുറേ പടക്കം പൊട്ടിക്കും, ആനയെ കൊണ്ടുവരും, ക്ഷേത്രങ്ങളില്‍ തന്ത്രിയെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

ഉത്സവാദി ചടങ്ങുകള്‍ നടത്താനല്ല തന്ത്രി, ബിംബത്തിന് ചൈതന്യം നിലനിര്‍ത്തുകയാണ് തന്ത്രിയുടെ ചുമതലയെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. എത്രലക്ഷം നല്‍കിയും ആനയെ കൊണ്ടുവരും. എന്നാല്‍ ക്ഷേത്രങ്ങളില്‍ നിവേദ്യം മര്യാദയ്ക്ക് ഇല്ല .നിവേദ്യം വയ്ക്കുന്ന ഇടം കണ്ടാല്‍ ആളുകള്‍ ഓടുമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

ആന എഴുന്നള്ളത്തിൽ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചുവെന്ന് ദേവസ്വം ഓഫീസര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ആദ്യ മൂന്ന് ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധ്യമായ എല്ലാ നടപടിയും എടുത്തിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ഭക്തര്‍ പ്രതിഷേധിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശത്തോട് ഭക്തര്‍ സഹകരിച്ചില്ലെന്നും ദേവസ്വം ഓഫീസര്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes