തൃശൂർ പൂരം വിവാദം; പൊലീസ് കേസെടുത്തതിന്റെ എഫ്ഐആർ പകർപ്പ് പുറത്ത്
തൃശൂർ: പൂരം വിവാദത്തിൽ പൊലീസ് കേസെടുത്തതിന്റെ എഫ്ഐആർ പകർപ്പ് പുറത്ത്. കുറ്റകരമായ ഗൂഢാലോചന നടന്നുവെന്നും, പ്രതികൾ പരസ്പരം സഹായിച്ചും ഉത്സാഹിച്ചും പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് എഫ്ഐആറിലുള്ളത്. കാലാകാലങ്ങളായി ജാതി മത രാഷ്ട്രീയ ഭേദമന്യേ ആഘോഷിച്ചു വരുന്ന തൃശൂർ പൂരം അലങ്കോലപ്പെടുത്തി, സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മതവികാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതികൾ കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയതെന്നും, പൂരം അലങ്കോലപ്പെടുത്തുന്നതിന് പ്രതികൾ പരസ്പരം സഹായിക്കുകയും ഉത്സാഹികളായി പ്രവർത്തിച്ചെന്നും എഫ്ഐആറിലുണ്ട്.
പൂരം വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) നിര്‍ദേശപ്രകാരം ഗൂഢാലോചനയ്ക്കാണ് കേസെടുത്തത്. എസ്‌ഐടി സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എഫ്‌ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. എഫ്‌ഐആര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.