തൃശൂര്‍ പൂരം അലങ്കോലമായപ്പോള്‍ ആംബുലന്‍സില്‍ പോയിട്ടില്ല; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
ചേലക്കര: തൃശൂര്‍ പൂരം അലങ്കോലമായപ്പോള്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സാധാരണ കാറിലാണ് താന്‍ പോയതെന്നും സുരേഷ് ഗോപി പറഞ്ഞു. ആംബുലന്‍സില്‍ തന്നെ കണ്ട കാഴ്ച്ച മായക്കാഴ്ച ആണോ എന്ന് അറിയാന്‍ പിണറായി പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അത് അന്വേഷിക്കാന്‍ സിബിഐ വരണമെന്നും സുരേഷ് ഗോപി പറഞ്ഞു. ചേലക്കര ഉപതിരഞ്ഞെടുപ്പ് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൂരം കലക്കല്‍ നല്ല ടാഗ് ലൈന്‍ ആണ്. പൂരം കലക്കലില്‍ സിബിഐയെ ക്ഷണിച്ചു വരുത്താന്‍ തയ്യാറുണ്ടോ. ഒറ്റ തന്തക്ക് പിറന്നവര്‍ അതിന് തയ്യാറുണ്ടോ. ഏത് അന്വേഷണം നേരിടാനും ഞാന്‍ തയ്യാറാണ്. മുന്‍ മന്ത്രി ഉള്‍പ്പെടെ അന്വേഷണം നേരിടാന്‍ യോഗ്യരായി നില്‍ക്കേണ്ടി വരും’, സുരേഷ് ഗോപി പറഞ്ഞു. നാലു ദിവസം മുമ്പാണ് പൂരം കലക്കിയില്ലെന്ന് ഒരു മഹാന്‍ വിളിച്ചു പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ച് സുരേഷ് ഗോപി പറഞ്ഞു. ആ മഹാന് കീഴിലാണ് കേരളത്തിലെ പൊലീസിനെന്നും ആര് പറയുന്നതാണ് വിശ്വസിക്കേണ്ടതെന്നും സുരേഷ് ഗോപി ചോദിച്ചു.
തൃശൂര്‍ പൂരത്തിനൊപ്പം എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളും കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസും അദ്ദേഹം സൂചിപ്പിച്ചു. തന്നെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആവേശം എന്തുകൊണ്ട് നവീന്‍ ബാബുവിന്റെ കേസില്‍ ഉണ്ടായില്ലെന്നും അദ്ദേഹം ചോദിച്ചു. ചോരക്കൊടിയേന്തുന്നവരുടെ രാഷ്ട്രീയം അതാണെന്നും അദ്ദേഹം പറഞ്ഞു. എംപി പോലുമല്ലാത്ത സമയത്താണ് കരുവന്നൂരില്‍ ഇടപെട്ടതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
‘കരുവന്നൂരിലെ തസ്‌കരന്മാര്‍ ചേലക്കരയിലും ഉണ്ട്. അവര്‍ക്ക് കുട പിടിച്ച കോണ്‍ഗ്രസുകാരും ഈ മണ്ഡലത്തിലുണ്ട്. ചെമ്പ് ഉരച്ചു നോക്കാന്‍ നടന്ന് അക്കരയും ഇക്കരയും ഇല്ലാതെ പോയ ആളുകളും ചേലക്കരയിലുണ്ട്. കരുവന്നൂരില്‍ ഇടപെടാന്‍ പറ്റുന്ന വിഷയങ്ങളില്‍ ഒക്കെ ഇടപെട്ടിട്ടുണ്ട്. അന്ന് ഞാന്‍ എംപി പോലുമല്ല’, സുരേഷ് ഗോപി പറഞ്ഞു. ബിജെപിക്ക് വളക്കൂറുള്ള മണ്ണ് ഒരുക്കിയത് ഇടതുപക്ഷവും വലതുപക്ഷവും ചേര്‍ന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു.