തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ മുരളീധരൻ
തൃശൂർ: പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞുവെന്നും ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൂരം കലങ്ങിയതാണെന്ന് എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. 36 മണിക്കൂർ നീണ്ട് നിൽക്കുന്ന ചടങ്ങിൽ തടസം ഉണ്ടായി. വെടിക്കെട്ട് മാത്രം അൽപം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മുരളീധരൻ ചോദിച്ചു. മൂന്ന് മണി മുതൽ ഏഴ് മണിവരെ പൂരം നിർത്തിവെച്ചത് പോലെയാണ്. സത്യം പുറത്ത് വരണം. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യം. മുഖ്യമന്ത്രി എന്തിനാണ് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടില്ല എന്ന് കാണുമ്പോൾ ഭൂരിപക്ഷത്തേക്ക് മാറുകയാണോ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയിൽ പറഞ്ഞതിന് ഘടകവിരുദ്ധമായി പുറത്ത് പറഞ്ഞാൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. പൂരം വിഷയത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണ്. സിപിഐഎം ബിജെപി ഡീലാണ് വീണ്ടും കാണാൻ കഴിയുന്നത്. ഇത് അപകടം പിടിച്ച കളിയാണ്. തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് മുഖ്യമന്ത്രി. കേരളത്തിൽ ബിജെപിയെ വളർത്താനുള്ള പരിപാടിയാണ് നടക്കുന്നത്.
ഒരുസീറ്റ് ലോക്സഭയിലവർക്കുകൊടുത്തു. ഇനി നിയമസഭയിലും അവർക്ക് അക്കൗണ്ട് തുറക്കാൻ അവസരമുണ്ടാക്കി കൊടുക്കുകയാണ്. തൃശൂർ പൂരം പിടിച്ചെടുക്കാൻ സിപിഐഎം കുറച്ചു കാലമായി ശ്രമിക്കുകയാണ്. വസ്തുതകൾ പുറത്തു വരാൻ വിശദമായ അന്വഷണം വേണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.