തൃശൂർ പൂരം കലക്കൽ; നിയമസഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സർക്കാറിനെതിരെ നിയമസഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം. പൂരം കലക്കലിൽ അടിയന്തിര പ്രമേയത്തിനാണ് നീക്കം. പൂരം കലക്കലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. പൂരം കലക്കലിലും എഡിജിപി എം ആർ അജിത് കുമാറിന് സർക്കാർ സംരക്ഷണം നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സിപിഐക്കും സമാന നിലപാട് ഉണ്ടായിരിക്കെ അത് മുതലെടുക്കാനും പ്രതിപക്ഷ ശ്രമമുണ്ടാകും.
പൂരം കലക്കലിൽ അന്വേഷണം നീണ്ട് പോകുന്നതും സിപിഎം-ബിജെപി ഡീലും പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ തൃശൂരിൽ കോൺഗ്രസ് വോട്ട് ചോർച്ച അടക്കം ഉയർത്തിയാകും ഭരണപക്ഷ പ്രതിരോധം. ഇന്നലെ അനാരോഗ്യം മൂലം മുഖ്യമന്ത്രി അടിയന്തര പ്രമേയ ചര്‍ച്ചയിൽ പങ്കെടുത്തിരുന്നില്ല.
അതേസമയം, പി വി അൻവര്‍ എംഎല്‍എയ്ക്ക് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ സീറ്റ് അനുവദിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീര്‍ അറിയിച്ചു. നിയമസഭയിൽ പി വി അൻവറിൻറെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അൻവറിന്‍റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ ഈ തീരുമാനം.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടക്കാകും ഇനി അൻവറിന്‍റെ പുതിയ സീറ്റ്. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രതിപക്ഷനിരയിൽ ഇരിക്കാൻ ആകില്ലെന്നായിരുന്നു അൻവറിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നുമായിരുന്നു പിവി അൻവറിന്‍റെ നിലപാട്.