Latest News

തിരുവമ്പാടി ബസപകടം മരണം രണ്ടായി, റിപ്പോർട്ട് തേടി മന്ത്രി

 തിരുവമ്പാടി ബസപകടം മരണം രണ്ടായി, റിപ്പോർട്ട് തേടി മന്ത്രി

കോഴിക്കോട്: തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി.

ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച തിരുവമ്പാടി കണ്ടപ്പൻചാല്‍ സ്വദേശിനിയും മരിച്ചിരുന്നു. വേലംകുന്നേല്‍ കമലം (65) ആണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്‌ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

തിരുവമ്പാടി ലിസ ആശുപത്രിയില്‍ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് മിംസില്‍ ദീപ (42) എന്ന സ്ത്രീയെ ആണ് പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, അപകടത്തില്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച്‌ അടിയന്തരമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്. കെഎസ്‌ആര്‍ടിസി എംഡിയോടാണ് ഗതാഗത മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബസ് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയാനുണ്ടായ കാരണം ഉള്‍പ്പെടെ അന്വേഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചുവെന്നും നിലവില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. 40ലധികം പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍പെട്ട കെഎസ്‌ആര്‍ടിസി ബസ് പുഴയില്‍ നിന്ന് പുറത്തേക്ക് ക്രെയിൻ ഉപയോഗിച്ച്‌ നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പുഴയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോയെന്നറിയാനുള്ള പരിശോധനയും സ്ഥലത്ത് നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് മറിഞ്ഞത്. ബസ് തലകീഴായി മറിയുകയായിരുന്നു. കലുങ്കില്‍ ഇടിച്ചശേഷമാണ് ബസ് പുഴയിലേക്ക് മറിഞ്ഞത്. ബസ് റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേല്‍ മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് കുത്തനെ വീണതോടെ പിന്‍ഭാഗത്തുണ്ടായിരുന്നവരും മുന്നിലേക്ക് വീണു. ഇതും അപകടത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചു.

കാലപഴക്കത്തെ തുടര്‍ന്ന് കൈവരികള്‍ ദുര്‍ബലമായിരുന്നുവെന്നും ഇത് ഉള്‍പ്പെടെ തകര്‍ത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പാലത്തിനോട് ചേര്‍ന്നുള്ള കലുങ്കില്‍ ഇടിച്ച്‌ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലോളം പേരെ പുഴയില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. ബസിന്‍റെ മുൻഭാഗത്തിനും പുഴയ്ക്കും ഇടയില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌ ബസിന്‍റെ ഭാഗങ്ങള്‍ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച്‌ പുറത്തേക്ക് കയറ്റാനാണ് ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes