Latest News

വയനാട് ദുരന്തം; പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

 വയനാട് ദുരന്തം; പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദുരന്ത ബാധിതർക്ക് 100 വീടുകൾ വെച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള സർക്കാർ പ്രതികരിച്ചില്ലെന്ന് കത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് ഒരു ആശയവിനിമയവും പിന്നീട് ഉണ്ടായില്ല.

കേരളം പ്രതികരിക്കാത്തതിനാൽ പുനരധിവാസ പദ്ധതി തടസ്സപ്പെടുന്നുവെന്നും കത്തിലുണ്ട്. ദുരന്തത്തിൽപ്പെട്ടവർക്ക് കർണാടകത്തിൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുകൊടുത്തിട്ടുണ്ടെന്നും ഒരുമിച്ച് പുനർനിർമാണം നടത്തുമെന്നും സിദ്ധരാമയ്യ നേരത്തെ എക്സിൽ കുറിച്ചിരുന്നു.

അതേസമയം, വയനാടിനുള്ള സഹായം വൈകുന്നതിൽ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. ദുരന്തം കുറവായ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുന്നു. എന്നാൽ അതിലും വലിയ ദുരന്തമുണ്ടായ കേരളത്തോട് മുഖം തിരിക്കുന്നു. മോദി സർക്കാർ പത്ത് വർഷമായി സംസ്ഥാനത്തെ ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

എന്നാൽ ദുരന്ത നിവാരണത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. അതേക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഇല്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വി മുരളീധരൻ പറഞ്ഞു. എത്ര തുക വേണ്ടി വരും എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ല. റവന്യൂ വകുപ്പിൻ്റെ കയ്യിൽ പോലും കണക്കില്ലെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes