ഒളിച്ചുകളി ഇന്നു തീരുമോ? പി.പി ദിവ്യയുടെ മുൻകൂർ ജാമ്യത്തിൽ ഇന്ന് വിധി

കണ്ണൂർ: എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്.
ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോള്‍, നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങള്‍ നിരത്തി. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. ദിവ്യക്കെതിരായ സംഘടനാ നടപടി ചർച്ച ചെയ്യാൻ സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ ബുധനാഴ്ച ചേരുന്നുണ്ട്.
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പി പി ദിവ്യക്കെതിരെ സിപിഎം ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പാര്‍ട്ടി തല നടപടികള്‍ വന്നിട്ടില്ല. കൈക്കൂലി പരാതി നല്‍കിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടല്‍ സംശയത്തിലാവുകയും ചെയ്തതോടെ, കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്. പൊലീസും മുൻകൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി വരുന്നതിനായി കാക്കുകയാണ്.
കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തതോടെ, ദിവ്യയുടേത് സദുദ്ദേശ നടപടിയെന്ന് പ്രതിരോധിച്ച കണ്ണൂർ സിപിഎം വെട്ടിലായി. സർവീസ് ചട്ടം ലംഘിച്ച് കച്ചവട സ്ഥാപനം തുടങ്ങിയ ആള്‍ക്ക് വേണ്ടി, ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിലിരുന്ന ദിവ്യയുടെ ഇടപെടല്‍ സംശയത്തിലായി. വ്യക്തിഹത്യയെന്ന പൊലീസ് റിപ്പോർട്ടും പ്രശാന്തിന് വേണ്ടിയുളള ശുപാർശയും ദിവ്യക്കെതിരെ പാർട്ടി നടപടി ഉറപ്പിക്കുന്നുവെന്നാണ് വിവരം. ബുധനാഴ്ച ചേരുന്ന നേതൃയോഗങ്ങളില്‍ തീരുമാനം വന്നേക്കും. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി നീക്കിയതിനാല്‍ കൂടുതല്‍ നടപടി വേണ്ടെന്നും വനിതാ നേതാവെന്ന പരിഗണന നല്‍കണമെന്നും അഭിപ്രായമുളളവരുണ്ട്.