155.05 കോടി; കേരളത്തിന്റെ പ്രധാന ടൂറിസം പദ്ധതികൾക്ക് കേന്ദ്ര അനുമതി
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിർദേശിച്ച രണ്ട് പ്രധാന ടൂറിസം പദ്ധതികൾക്ക് കേന്ദ്ര അനുമതി. 155.05 കോടി രൂപയുടെ ടൂറിസം പദ്ധതിക്കാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻറെ അനുമതിയായത്. 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആൻഡ് റിക്രിയേഷണൽ ഹബ്ബിനും 95.34 കോടി രൂപയുടെ സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിളിനുമാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.
ഡെവലപ്പ്മെൻറ് ഓഫ് ഐക്കോണിക് ടൂറിസ്റ്റ് സെൻറേഴ്സ് ടു ഗ്ലോബൽ സ്കെയിൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 155.05 കോടി രൂപയുടെ ടൂറിസം പ്രവൃത്തികൾക്കാണ് അനുമതി നൽകിയത്.
കൊല്ലം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി സംസ്ഥാന ടൂറിസംവകുപ്പ് രൂപം നൽകിയ ജൈവവൈവിധ്യ സർക്യൂട്ടിൻറെ വിപുലീകരണമാണ് ബയോഡൈവേഴ്സിറ്റി ആൻഡ് റിക്രിയേഷണൽ ഹബ്ബ് എന്നതിലൂടെ വിഭാവനം ചെയ്തത്. കോഴിക്കോട് സർഗാലയ ആർട് ആൻഡ് ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർവരെ നീളുന്ന ടൂറിസം ശൃംഖലയാണ് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ എന്ന പദ്ധതി. സർഗാലയ ആർട് ആൻഡ് ക്രാഫ്റ്റ് വില്ലേജിൻറെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്.
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിൻറെ നിർദേശപ്രകാരം സംസ്ഥാനത്തെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി പദ്ധതിയുടെ രൂപരേഖ കേന്ദ്ര ടൂറിസംവകുപ്പിൽ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് രണ്ടു പദ്ധതികൾക്കും കേന്ദ്രം ഫണ്ട് അനുവദിച്ചത്.