തിരുവനന്തപുരത്തുനിന്ന് 17 കാരിയെ തിരൂരിലേക്ക് കൊണ്ടുപോയി, വിവാഹ വാഗ്ദാനം നൽകി പീഡനം; സ്ത്രീയടക്കം മൂന്ന് പേർ റിമാൻഡിൽ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട് പോയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ചേരമാന്‍തുരുത്ത് സ്വദേശി തൗഫീഖ്, പെരുമാതുറ സ്വദേശികളായ അഫ്‌സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി ഇവർ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറ സ്വദേശിയായ 17-കാരിയെ കാണാതാകുന്നത്. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ മൂവര്‍സംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതായി തിരിച്ചറിയുകയായിരുന്നു. പെരുമാതുറയില്‍നിന്ന് ചിറയിന്‍കീഴില്‍ എത്തിച്ച പെണ്‍കുട്ടിയെ ഇവിടെനിന്ന് ട്രെയിനില്‍ മലപ്പുറം തിരൂരിലേക്കാണ് കൊണ്ടുപോയത്.പെണ്‍കുട്ടിയുമായി മൂവര്‍ സംഘം തിരൂരില്‍ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പൊലീസ് തിരൂര്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം ശക്തമാക്കുകയായിരുന്നു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഠിനംകുളം പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെ സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ തിരുവനന്തപുരത്തേക്ക് എത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.