വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പത്തു വർഷത്തിനു ശേഷം പിടിയിൽ
കോഴിക്കോട്: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒരു പതിറ്റാണ്ടിന് ശേഷം പിടിയില്‍. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ബിജു(46)വിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2014ല്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയവേ ഇയാള്‍ ബ്ലേഡ് ഉപയോഗിച്ച് സഹതടവുകാരനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി പിന്നീട് ഒളവില്‍ പോയി.
പത്തനംതിട്ട ചിറ്റാറില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഗോവയിലും കര്‍ണാടകയിലുമായി താമസിച്ച ഇയാള്‍ അവിടെ നിന്ന് വിവാഹം ചെയ്ത് കുടുംബസമേതം കര്‍ണാടകയിലെ ഹുബ്ലിയില്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ മൂന്നാം തീയ്യതി ഇയാള്‍ നാട്ടില്‍ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസബ പൊലീസ് പത്തനംതിട്ടയില്‍ എത്തിയത്.
തുടര്‍ന്ന് ബന്ധുവീട്ടില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസബ ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ പി സജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പികെ ബിനീഷ്, സുമിത്ത് ചാള്‍സ്, സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് സഖറിയ എന്നിവരുള്‍പ്പെട്ട സംഘമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.