പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്; യുവതിക്ക് വീണ്ടും മർദനം, കണ്ണിലും മുഖത്തും പരിക്ക്
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലുൾപ്പെട്ട യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. രാഹുൽ തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലാക്കിയ ശേഷം അമ്മയെ യുവതിക്കൊപ്പം നിർത്തി ഇയാൾ കടന്ന് കളഞ്ഞു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് രാഹുൽ യുവതിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.
ഭർത്താവ് തന്നെ പന്തീരാങ്കാവിലെ വീട്ടിൽ വെച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ആംബുലൻസിൽ വെച്ചും മർദ്ദിച്ചു എന്നും മുഖത്തും തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റു എന്നുമാണ് ആശുപത്രിയിൽ യുവതി നൽകിയ മൊഴി. സംഭവം അറിഞ്ഞ് പൊലീസ് 11 മണിയോടെ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു.
എന്നാൽ തനിക്ക് പരാതിയില്ല എന്നും അച്ഛനും അമ്മയും വന്നാൽ പോകാൻ അനുവദിക്കണം എന്നും യുവതി പന്തീരാങ്കാവ് പൊലീസിന് എഴുതി നൽകി. ഭർത്താവിന്റെ വീട്ടിൽ നിന്നും തന്റെ സർട്ടിഫിക്കറ്റുകൾ എടുക്കാൻ സഹായിക്കണമെന്നും പൊലീസിനോട് യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവാണ് രാഹുലിന്റെ വീട്. സംഭവത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എഎം സിദ്ദിഖിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് അടുത്തിടെ ഏറെ കോളിളക്കമുണ്ടാക്കിയ കേസുകളിലൊന്നാണ് പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്. രാഹുലുമായി വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ 150 പവൻ സ്വർണം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും മർദിച്ചു എന്ന് പെൺകുട്ടിയും കുടുംബവും പരാതി നൽകിയിരുന്നു.
തനിക്കേറ്റ മർദ്ദനത്തിന്റെ ചിത്രങ്ങളും യുവതി പുറത്ത് വിട്ടിരുന്നു. ഈ സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കൽ അടക്കമുള്ള നിയമ നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നതിനിടെയാണ് യുവതി മൊഴി മാറ്റിയത്. രാഹുൽ മർദ്ദിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു എന്നും യുവതി പറഞ്ഞു. എന്നാൽ ഇതിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
എന്നാൽ യുവതി കുടുംബത്തെ തള്ളുകയും തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് വെളിപ്പെടുത്തി വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുലിനെതിരായ കുറ്റപത്രം തള്ളണം എന്നും കേസ് റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് യുവതി സത്യവാങ്മൂലത്തിൽ ഒപ്പിട്ട് നൽകുകയും ചെയ്തു.