Latest News

ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

 ഐപിഎൽ ലേലത്തിൽ 13 കാരനെ സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്

ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേല ചരിത്രത്തിൽ വിറ്റഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. ബിഹാറുകാരനായ കൗരമാരക്കാരനെ ഒരു കോടി 10 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ഡൽഹി ക്യാപിറ്റൽസുമായുള്ള മത്സരത്തിനൊടുവിലാണ് രാജസ്ഥാൻ നേടിയെടുത്തത്.

‌ഇടം കയ്യൻ ബാറ്ററും ഇടം കയ്യൻ സ്പിന്നറുമാണ് വൈഭവ്. പ്രായം കുറവെങ്കിലും വൈഭവിന്റെ ബാറ്റിങ് വൈഭവത്തിൽ ക്രിക്കറ്റ് ലോകത്ത് തർക്കങ്ങളില്ല. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ഇന്ത്യ അണ്ടർ 19 ടീമിൽ താരം കളിച്ചിരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ 58 പന്തുകൾ മാത്രം നേരിട്ടാണ് വൈഭവ് തന്റെ ആദ്യ അണ്ടർ 19 ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയത്. അണ്ടർ 19 ടെസ്റ്റ് ക്രിക്കറ്റിൽ‌ വേ​ഗത്തിലുള്ള സെഞ്ച്വറി നേട്ടവും വൈഭവിന്റെ പേരിലായി. ഇം​ഗ്ലണ്ട് മുൻ താരം മൊയീൻ അലി മാത്രമാണ് ഈ നേട്ടത്തിൽ വൈഭവിന് മുന്നിലുള്ളത്. 2005ൽ ഇം​ഗ്ലണ്ട് അണ്ടർ 19 ടീമിനായി മൊയീൻ അലി 56 പന്തിൽ സെഞ്ച്വറി നേടിയിരുന്നു.

അതിന് മുമ്പ് 2024 ജനുവരിയിൽ‌ രഞ്ജി ട്രോഫിയിൽ അരങ്ങേറുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ താരമായി വൈഭവ്. മുംബൈയ്ക്കെതിരെ ബിഹാർ താരമായി അരങ്ങേറ്റം കുറിക്കുമ്പോൾ വൈഭവിന്റെ പ്രായം 12 വയസും 284 ദിവസവും മാത്രം. അജിൻക്യ രഹാനെ, ധവാൽ കുൽക്കർണി, ശിവം ദുബെ തുടങ്ങിയ താരങ്ങൾ ഉൾപ്പെട്ട മുംബൈയ്ക്കെതിരെയായിരുന്നു വൈഭവിന്റെ അരങ്ങേറ്റം.

2023ലെ കുച്ച് ബെഹാർ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ നേടിയ 128 പന്തിൽ 151 റൺസാണ് വൈഭവിന്റെ മറ്റൊരു ബാറ്റിങ് വിസ്മയം. ഐപിഎല്ലിൽ രാജസ്ഥാൻ നിരയിൽ ഒരു മത്സരമെങ്കിലും വൈഭവ് കളിച്ചാൽ അതും ചരിത്രം. ഭാവിയിൽ ഇന്ത്യൻ ടീമിന്റെ നിരയിലേക്കാണ് കൗമാരക്കാരന്റെ യാത്ര.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes