ബാല നിരന്തരമായി ശല്യം ചെയ്യുന്നു; നിയമപരമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി
കൊച്ചി: നടൻ ബാല നിരന്തരമായി ശല്യം ചെയ്യുകായാണെന്നും അത് മൂലമാണ് പരാതി നൽകിയതെന്നും പരാതിക്കാരി. ഉപദ്രവിക്കരുതെന്ന് അവസാനമായി കഴിഞ്ഞ ഡിസംബറിലും ബാലയോട് പറഞ്ഞിരുന്നു. ഇനിയെങ്കിലും ഇതെല്ലാം അവസാനിപ്പിക്കണം. വിഷയത്തിൽ നിയമപരമായി തന്നെ നേരിടുമെന്ന് പരാതിക്കാരി പറഞ്ഞു.
ബാല പലതും പറയുമ്പോൾ വീട്ടിലിരുന്ന് നാല് പെണ്ണുങ്ങൾക്ക് പരസ്പരം കെട്ടിപിടിച്ചു കരയാൻ മാത്രേമേ കഴിയാറുള്ളു. കോടികൾ തട്ടിയെടുത്തു എന്നാണ് പറയുന്നത്. എന്നാൽ മകളുടെ കല്യാണത്തിന് പോലും പണം നൽകില്ലെന്ന് ബാല എഴുതി വാങ്ങിയിട്ടുണ്ട്. കുറേ നാളായി തന്നെ പൊതുസമൂഹത്തിന് മുന്നിൽ വൃത്തികെട്ട സ്ത്രീയാക്കി കാണിക്കുകയാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടും അയാൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. സിംപതിക്ക് വേണ്ടി ഇനി കുട്ടിയുടെ പേര് എടുക്കരുത് എന്നതിനാലാണ് പരാതിയുമായി മുന്നോട്ട് പോയതെന്നും പരാതിക്കാരി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു മുൻ ഭാര്യയുടെ പരാതിയിൽ ബാല അറസ്റ്റിലായത്. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. പുലർച്ചെ പാലാരിവട്ടത്തുള്ള വീട്ടിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.