വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കണമെന്ന് പൊലീസ്
തിരുവനന്തപുരം: വഞ്ചിയൂർ റോഡിൽ, ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി നടത്തിയ സിപിഐഎം ഏരിയ സമ്മേളനത്തിലെ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കണമെന്ന് പൊലീസ്. പൊതുവഴി തടസപ്പെടുത്തി സ്റ്റേജ് കെട്ടാന്‍ അനുമതി നല്കിയിട്ടില്ലായെന്നും സ്റ്റേജ് പൊളിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. അതേസമയം, സംഘാടകരായ 40 പേര്‍ക്കെതിരെ കേസെടുത്തുവെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.
‘സ്റ്റേജില്‍ ആരൊക്കെയാണ് ഇരുന്നത് ? അവരെ പ്രതികളാക്കിയോ.? അവിടെ നടത്തിയ നാടക സംഘത്തിൻ്റെ വാഹനം പിടിച്ചെടുത്തോ? പ്രവര്‍ത്തകര്‍ എത്താനായി സ്കൂള്‍ ബസ് ഉപയോഗിച്ചോ? പൊലീസിന്റെ ചുമതലയെന്താണ് തുടങ്ങിയ ചോദ്യങ്ങൾ ഹൈക്കോടതി പൊലീസിനോട് ചോദിച്ചു. ഏതൊക്കെ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്, വഴിയാത്രക്കാര്‍ ക്രോസ് ചെയ്യുന്ന സ്ഥലമാണോ തടഞ്ഞതെന്നും വ്യക്തത വരുത്തണമെന്നും കുറ്റം ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും കോടതി. പ്രഥമദൃഷ്ട്യാ നിരവധി കുറ്റകൃത്യങ്ങളുണ്ടെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഹൈക്കോടതി പറഞ്ഞു. ഇത്തരം പ്രവര്‍ത്തിമൂലം ജനം കഷ്ടപ്പെടുകയാണെന്നും ഹൈക്കോടതി കൂട്ടിചേർത്തു.
സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്. വഞ്ചിയൂര്‍ കോടതിക്ക് സമീപമായിരുന്നു വഴി തടസ്സപ്പെടുത്തി സിപിഐഎം വേദിയൊരുക്കിയത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പ്രതികരണവുമായി പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു രംഗത്തെത്തിയിരുന്നു. അനുമതി വാങ്ങിയ ശേഷമായിരുന്നു വേദിയൊരുക്കിയതെന്നും എല്ലാ വശങ്ങളും പരിശോധിച്ചിരുന്നു എന്നുമായിരുന്നു വഞ്ചിയൂര്‍ ബാബുവിൻ്റെ പ്രതികരണം.