കൃഷ്ണയ്ക്ക് പുരസ്കാരം നൽകരുത്; സംഗീത കലാനിധി പുരസ്കാരം വിവാദത്തിൽ
സംഗീത കലാനിധി പുരസ്കാരം ടി.എം കൃഷ്ണക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രശസ്ത കർണാടക സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയുടെ ബന്ധുക്കള്‍ രംഗത്ത്. 2024-ലെ സംഗീതകലാനിധി പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയതാണ് വിവാദം. എം.എസ്.സുബ്ബലക്ഷ്മിയുടെ സ്മരണാർത്ഥമാണ് സംഗീത കലാനിധി പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. മുൻപ് ഇതേ സുബ്ബലക്ഷ്മിക്കെതിരെ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയ ടി.എം.കൃഷ്ണ എന്ന തോഡൂർ മാടബുസി കൃഷ്ണ അന്ന് മുതല്‍ അവരുടെ കുടുംബത്തിന്റെ കണ്ണില്‍ കരടാണ്.
മ്യൂസിക് അക്കാദമി അവാർഡ് പിൻവലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരിക്കുകയാണ് സുബ്ബലക്ഷ്മിയുടെ പേരക്കുട്ടിയായ വി.ശ്രീനിവാസൻ. സുബ്ബലക്ഷ്മിക്കെതിരെ സംസാരിച്ച വ്യക്തിക്ക് അവരുടെ പേരിലുള്ള പുരസ്കാരം സമ്മാനിക്കുന്നത് ഭക്തിക്കുള്ള പുരസ്കാരം ഒരു നിരീശ്വരവാദിക്ക് നല്‍കുന്നതിന് തുല്യമാണെന്നാണ് വി.ശ്രീനിവാസൻ പറയുന്നത്. മദ്രാസ് മ്യൂസിക് അക്കാദമി മാർച്ചില്‍ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ ഒരുപാട് കർണാട്ടിക് ആർട്ടിസ്റ്റുകള്‍ രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് ടി.എം.കൃഷ്ണയ്ക്കെതിരെ ഇത്രയും ആർട്ടിസ്റ്റുകള്‍ രംഗത്തുവന്നതെന്ന ചോദ്യം എല്ലാവരുടേയും മനസിലുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല കർണാടിക് സംഗീതത്തിന്റെ മുൻഗാമികളായ ത്യാഗരാജ സ്വാമികള്‍, എം.എസ്.സുബ്ബലക്ഷ്മി എന്നിവർക്കെതിരെ കടുത്ത വിമർശനങ്ങളാണ് ടി.എം.കൃഷ്ണ ഉയർത്തിയത്.
2017ലാണ് ടി.എം.കൃഷ്ണ എം.എസ്.സുബ്ബലക്ഷ്മിക്കെതിരെ സംസാരിച്ചത്. ദേവദാസി വംശത്തില്‍ പിറന്ന ആളാണെന്ന് മറച്ചുവെച്ച് ബ്രാഹ്മണ സ്ത്രീയായി ജീവിച്ച വ്യക്തിയാണ് എം.എസ്.സുബ്ബലക്ഷ്മി. കർണാടക സംഗീതത്തില്‍ വലിയ സ്വീകാര്യത ലഭിക്കാൻ വേണ്ടിയാണ് സുബ്ബലക്ഷ്മി തന്റെ വംശം മറച്ചുവെച്ചത്. താനൊരു സവർണജാതിയില്‍ നിന്ന് വന്ന ആളല്ലെന്ന് തുറന്നു പറയാൻ സുബ്ബലക്ഷ്മിക്ക് എന്തുകൊണ്ട് കഴിഞ്ഞില്ലെന്നായിരുന്നു ടി.എം.കൃഷ്ണ അന്ന് ഉന്നയിച്ച ചോദ്യം. ഇതു മാത്രമല്ല സംഗീതത്തിലെ ജാതിയേയും മതത്തേയും വിമർശിച്ചുകൊണ്ട് ഒരുപാട് പ്രസ്താവനകള്‍ ടി.എം.കൃഷ്ണ നടത്തിയിട്ടുണ്ട്.
സംഗീതം ഒരിക്കലും ഒരു മതത്തിലോ ജാതിയിലോ അധിഷ്ടിതമായ കലയല്ലെന്ന് വാദിക്കുന്ന ടി.എം.കൃഷ്ണയുടെ രാഷ്ട്രീയത്തെ മിക്ക കർണാട്ടിക് ആർട്ടിസ്റ്റുകളും എതിർക്കാറുണ്ട്. അതിന്റെ പ്രതിഫലനമാണ് ഈ പുരസ്കാര വിവാദത്തിലും കാണാൻ കഴിയുന്നത്.
ത്യാഗരാജ സ്വാമികളുടെ കൃതികളില്‍ ജാതിയും മതവും തുറന്നുകാണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചതും കർണാട്ടിക് സംഗീത മേഖലയില്‍ ടി.എം.കൃഷ്ണയ്ക്ക് ശത്രുക്കളെ സമ്മാനിച്ചിരുന്നു. എല്ലാ മാസവും ഒരു ക്രിസ്തുമതത്തെ അധിഷ്ടിതമാക്കി കർണാട്ടിക് സംഗീതം ചിട്ടപ്പെടുത്തുമെന്ന് ടി.എം.കൃഷ്ണ 2018ല്‍ എടുത്ത തീരുമാനം വലിയ തരംഗമായിരുന്നു. അതിനു കാരണം ടി.സാമുവല്‍ ജോസഫിന്റെ യേശുവിൻ സംഗമ സംഗീതം എന്ന സംഗീതകച്ചേരിക്കെതിരെ കർണാട്ടിക് സംഗീതജ്ഞനായ ഒ.എസ്.അരുണ്‍ നടത്തിയ പരാമർശമാണ്. ഹിന്ദു മതത്തിലല്ലാതെ കർണാട്ടിക് സംഗീതം ചിട്ടപ്പെടുത്തുന്നതിനെക്കുറിച്ച് ഒ.എസ്.അരുണ്‍ സോഷ്യല്‍മീഡിയയില്‍ മോശമായ പരാമർശം നടത്തിയതാണ് ടി.എം.കൃഷ്ണയെ ക്രിസ്തീയ കർണാട്ടിക് സംഗീതം ചിട്ടപ്പെടുത്താൻ പ്രേരിപ്പിച്ചത്. ഇസ്ലാം മതത്തെ ഉള്‍പ്പെടുത്തിയും ടി.എം.കൃഷ്ണ കർണാട്ടിക് സംഗീതം ചെയ്തിട്ടുണ്ട്. കർണാട്ടിക് സംഗീതത്തിന്റെ ശാസ്ത്രീയതയ്ക്ക് എതിരായാണ് ടി.എം.കൃഷ്ണ തന്റെ രാഷ്ട്രീയത്തെ ഉള്‍പ്പെടുത്തുന്നതെന്ന് വാദിച്ചാണ് ഇപ്പോള്‍ സംഗീത കലാനിധി പുരസ്കാര വിവാദവും പൊട്ടിമുളച്ചിരിക്കുന്നത്.