Latest News

നടൻ സൗബിൻ്റെ പറവ ഫിലിംസിൽ ആദായ നികുതി പരിശോധന

 നടൻ സൗബിൻ്റെ പറവ ഫിലിംസിൽ ആദായ നികുതി പരിശോധന

കൊച്ചി: നടനും നിർമാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല, കണക്കുകള്‍ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.

സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച്‌ ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടില്‍ പരാതി നല്‍കുന്നത്.

ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടർന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയില്‍ സമർപ്പിച്ചു. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടല്‍.

അന്വേഷണത്തിന്റെ തുടക്കത്തില്‍, സിറാജ് പരാതിനല്‍കിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പോലീസ് ശേഖരിക്കുകയും ചെയ്തു. ഇതില്‍നിന്നാണ് ചിത്രത്തിന്റെ നിർമാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവർ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിർമാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുൻപേ ആദ്യ ഷെഡ്യൂള്‍ പൂർത്തിയായെന്നും നിർമാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിർമാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. 40 % ലാഭവിഹിതമാണ് പരാതിക്കാരന് നിർമാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്നും റിപ്പോർട്ടില്‍ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes