Latest News

കൊടുവള്ളി സ്വർണക്കവർച്ച; അഞ്ചു പേർ പിടിയിൽ

 കൊടുവള്ളി സ്വർണക്കവർച്ച; അഞ്ചു പേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണക്കവർച്ച കേസില്‍ അഞ്ചുപേർ പിടിയില്‍. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്.

തൃശൂർ, പാലക്കാട് ജില്ലകളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‍തത്. പ്രതികളില്‍ നിന്നും 1.3 കിലോ ഗ്രാം സ്വർണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണ വ്യാപാരിയായ കൊടുവള്ളി മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്നും രണ്ട് കിലോ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. ബുധനാഴ്ചയാണ് ജ്വല്ലറി ഉടമയുടെ പക്കല്‍ നിന്നും കാറിലെത്തിയ അഞ്ചംഗ സംഘം സ്വർണം കവർന്നത്.

കടയടച്ച ശേഷം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബൈജുവിനെ കാറിടിച്ച്‌ വീഴ്ത്തിയ ശേഷമാണ് സംഘം കവർച്ച നടത്തിയത്. കൊടുവള്ളി ഓമശ്ശേരി റോഡില്‍ ഒതയോത്ത് മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവം. വെള്ള സ്വിഫ്റ്റ് ഡിസയറില്‍ എത്തിയാണ് സംഘം സ്വർണം കവർന്നത്. രണ്ട് കിലോഗ്രാമോളം സ്വർണം കയ്യിലുണ്ടായിരുന്നു എന്നാണ് ബൈജു പൊലീസിനോട് പറഞ്ഞത്. സ്വർണപ്പണി ചെയ്യുന്ന ആളായതുകൊണ്ട് ആഭരണം പണിയാൻ ഏല്‍പ്പിച്ച മറ്റ് പലരുടെയും സ്വർണവും പക്കലുണ്ടായിരുന്നെന്നും, കവർച്ചക്കാരെ കണ്ടാല്‍ തിരിച്ചറിയാൻ കഴിയുമെന്നും ബൈജു പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, അക്രമി സംഘമെത്തിയ വാഹനത്തിൻ്റെ നമ്പർ വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഇതേ പാറ്റേണില്‍ സംസ്ഥാനത്ത് ആവർത്തിക്കുന്ന രണ്ടാമത്തെ കുറ്റകൃത്യമായിരുന്നു കൊടുവള്ളിയിലേത്. രാത്രി കടപൂട്ടി സ്റ്റോക്കുള്ള സ്വർണവുമായി ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുന്ന ചെറുകിട സ്വർണവ്യാപാരികളെ കാർ ഇടിച്ചിടുക, ആയുധം കാട്ടി ഭീഷണിപ്പെടുത്തുക, ആക്രമിക്കുക, സ്വർണം കവർന്ന് കടന്നുകളയുക തുടങ്ങി ഒരേ പാറ്റേണില്‍ വൻ സ്വർണക്കൊള്ളകള്‍ ആവർത്തിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes