പന്നിയങ്കരയിൽ ഡിസംബർ മുതൽ പ്രദേശവാസികൾക്കും ടോൾ
തൃശൂർ: ദേശീയ പാത പന്നിയങ്കര ടോള്‍ പ്ലാസ്സയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാനൊരുങ്ങി കരാർ കമ്പനി. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോള്‍ പ്ലാസ്സയില്‍ ഡിസം. 5 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. പന്നിയങ്കര ടോള്‍ പ്ലാസ്സയില്‍ 2023 മാർച്ച് 9 മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചെങ്കിലും പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട് പഞ്ചായത്തുകളെയും, തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിനെയുമാണ് ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ഈ പഞ്ചായത്തിലുള്ളവർ വാഹനത്തിൻ്റെ ആർ സി ബുക്ക് കാണിച്ചാല്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു. ഇനി മുതല്‍ ഈ പഞ്ചായത്തിലുള്ളവർ മാസപാസ്സ് എടുത്ത് യാത്ര ചെയ്യണമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. ഇതിന് മുമ്പും നിരവധി തവണ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കരാർ കമ്പനി ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.