ശബരിമല തീർത്ഥാടനം; ഇതുവരെ പരാതികൾ ഒന്നുമുണ്ടായില്ലെന്ന് പി എസ് പ്രശാന്ത്

ശബരിമല: ഇത്തവണത്തെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളും പ്രശ്നങ്ങളും ഒന്നുമുണ്ടായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കഴിഞ്ഞ വർഷം ആദ്യ 12 ദിവസം 5,53,922 പേരാണ് വന്നത്. ഇത്തവണ 9,13,437 പേർ ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മൂന്നര ലക്ഷത്തിലധികം പേർ അധികമായി വന്നു.
കഴിഞ്ഞ വർഷം ആദ്യ 12 ദിവസം കൊണ്ട് 47,12,01536 രൂപയുടെ വരുമാനമാണ് ഉണ്ടായതെങ്കിൽ ഈ വർഷം 63,01,14111 രൂപ വരുമാനം ലഭിച്ചു. 15,89,12575 രൂപ കൂടുതൽ ലഭിച്ചു. മാളികപ്പുറത്തെ അനാചാരങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ കുറിച്ച് തന്ത്രിയുമായി ചർച്ച നടത്തിയെന്നും പി എസ് പ്രശാന്ത് പറഞ്ഞു. അനാചാരങ്ങൾ അവസാനിപ്പിക്കാൻ നടപടി തുടങ്ങും. മഞ്ഞൾപ്പൊടിയും വസ്ത്രങ്ങളും നിക്ഷേപിക്കാൻ പ്രത്യേക സംവിധാനം ഒരുക്കും.
അനാചാരങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തും. ജീവനക്കാരെ നിയോഗിക്കും. പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കാര്യങ്ങൾ പഠിച്ചാണ് പൊലീസ് ഇത്തവണ പ്രവർത്തിക്കുന്നതെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു. കുറ്റമറ്റ രീതിയിലാണ് തിരക്ക് നിയന്ത്രിക്കുന്നത്. പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
അതേസമയം, ശബരിമല മാളികപ്പുറം ക്ഷേത്രത്തിനുചുറ്റും തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപ്പൊടി വിതറുന്നതും ആചാരമല്ലെന്നും ഇത് ഒഴിവാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ആചാരമല്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മാളികപ്പുറത്ത് വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഈ വിവരങ്ങൾ ഭക്തരെ അനൗൺസ്‌മെന്റിലൂടെ അറിയിക്കണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് എസ് മുരളീകൃഷ്ണയും ഉൾപ്പെട്ട ബെഞ്ച് സ്വമേധയാ എടുത്ത ഹർജിയിൽ ഉത്തരവിട്ടു.