‘പോലീസ് കാണിക്കുന്നത് ഗുണ്ടായിസം’; പോലീസിനെതിരെ വീണ്ടും വിമര്‍ശനവുമായി പി വി അന്‍വര്‍
കാസര്‍കോട്: പോലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. അബ്ദുള്‍ സത്താറിന്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസ് കാസര്‍കോട് റെസ്റ്റ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി. പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് എസ്‌ഐ അനൂപിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അബ്ദുള്‍ സത്താറിന്റെ കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം കുടുംബം അന്‍വറിനോടും ആവശ്യപ്പെട്ടു. തങ്ങളുടെ പരാതിയില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും കുടുംബം അന്‍വറിനെ അറിയിച്ചു. നേരത്തെ മറ്റൊരു ഓട്ടോഡ്രൈവര്‍ക്കും പോലീസുകാരില്‍ നിന്നും മോശം അനുഭവം നേരിട്ടിരുന്നു.
കുടുംബം പോറ്റാനുള്ള യുദ്ധത്തിലാണ് ഓട്ടോ തൊഴിലാളികളെന്നും പോലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഇവരെന്നും പി വി അന്‍വര്‍ പറഞ്ഞു. സര്‍ക്കാര്‍ ടാര്‍ഗറ്റ് പിരിക്കാന്‍ ഗുണ്ടകളെ പോലെ പോലീസ് ഇറങ്ങുകയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത് കാണില്ല. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധി മറികടക്കാന്‍ കഴുത്തിന് കത്തിവെക്കുന്ന തട്ടിപ്പുസംഘത്തിന്റെ സ്വഭാവമാണ് പോലീസ് കാണിക്കുന്നതെന്നും പി വി അന്‍വര്‍ കൂട്ടിച്ചേർത്തു. പിതാവിനെ കാത്തുനില്‍ക്കുന്ന കുടുംബമാണ് അനാഥമായത്. പോലീസിന്റെ അഹങ്കാരമാണ് റോഡില്‍ കാണുന്നത്. കാസര്‍കോട്ടേക്കും മലപ്പുറത്തേക്കുമാണ് ഏറ്റവും മോശം പോലീസ് ഉദ്യോഗസ്ഥരെ അയക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു.
അബ്ദുള്‍ സത്താറിനെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കുടുംബത്തിന് സര്‍ക്കാര്‍ വീടുവെച്ചുനല്‍കണം. കുടുംബത്തിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങും. അക്കൗണ്ട് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.