Latest News

ജാൻസനായി ഇനി ഐപിഎൽ ടീമുകൾ 10 കോടി കൂടുതൽ മുടക്കേണ്ടി വരുമെന്ന് സ്റ്റെയ്ൻ

 ജാൻസനായി ഇനി ഐപിഎൽ ടീമുകൾ 10 കോടി കൂടുതൽ മുടക്കേണ്ടി വരുമെന്ന് സ്റ്റെയ്ൻ

ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയെങ്കിലും മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നേടിയത്. അതിൽ പ്രധാനമായിരുന്നു മാർക്കോ ജാൻസന്റെ പ്രകടനം. പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ സഞ്ജുവിനെ, നേരിട്ട രണ്ടാം പന്തിൽ തന്നെ പുറത്താക്കാൻ ഇന്നലെ ഈ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർക്ക് കഴിഞ്ഞു. പരമ്പരയിലെ രണ്ടാം മത്സരത്തിലും സഞ്ജുവിനെ ഡക്കിന് പുറത്താക്കിയത് ജാൻസനായിരുന്നു. സഞ്ജുവിനെതിരെ മാത്രമല്ല, ഇന്നലെ എല്ലാ ഇന്ത്യൻ ബാറ്റർമാർക്കുമെതിരെ മികച്ച പന്തുകളാണ് താരം എറിഞ്ഞത്. മറ്റ് ബൗളർമാർ പത്ത് റൺസിനും മേലെ റൺ റേറ്റ് വഴങ്ങിയപ്പോൾ ജാൻസൻ വഴങ്ങിയത് നാലോവറിൽ 28 റൺസ് മാത്രമായിരുന്നു. 

ബാറ്റ് കൊണ്ടും ജാൻസൻ മികച്ച പ്രകടനം നടത്തി. 17 പന്തിൽ അഞ്ച് സിക്സറുകളും നാല് ഫോറുകളുമടക്കം 317 സ്ട്രൈക്ക് റേറ്റിൽ 54 റൺസാണ് താരം നേടിയത്. അർഷദീപിൻറെ പന്തിൽ എൽ ബി ഡബ്ല്യൂവായി പുറത്തായിരുന്നില്ലെങ്കിൽ ജാൻസൻ ടീമിനെ ജയിപ്പിക്കുവാനും സാധ്യതയുണ്ടായിരുന്നു. മുൻ നിര ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് മുട്ടിടിഞ്ഞ മത്സരത്തിൽ ഒരു കൂസലുമില്ലാതെ ബാറ്റ് വീശിയപ്പോൾ താരവും ക്രിക്കറ്റ് ലോകത്ത് ട്രെന്റിങായി.

ഇതോടെ താരത്തിന് ഐപിഎൽ മെഗാ ലേലത്തിൽ വില ഉയരുമെന്നും ഉറപ്പായി. കഴിഞ്ഞ സീസണിൽ സൺറൈസേഴ്‌സ് താരമായിരുന്ന ജാൻസനെ ലേലത്തിന് മുന്നേ ടീം കൈവിട്ടിരുന്നു. എന്നാൽ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് ഈ പ്രകടനം ചൂണ്ടി കാട്ടി പല ക്രിക്കറ്റ് വിദഗ്‌ധരും പറയുന്നു. ഇതിൽ ജാൻസനായി രംഗത്തെത്തിയവരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസറായിരുന്ന ഡെയ്ൽ സ്റ്റെയ്ൻ. ജാൻസനായി ഇനി ഐപിഎൽ ടീമുകൾ 10 കോടി കൂടുതൽ മുടക്കേണ്ടി വരുമെന്ന് പറഞ്ഞ സ്റ്റെയ്ൻ ഹൈദരബാദിന് വേണമെങ്കിൽ അതിലും പകുതി തുകയ്ക്ക് താരത്തെ നിലനിർത്തമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes