Latest News

ടാറ്റയെ ഇനി രത്തൻ്റെ അർധ സഹോദരൻ നോയൽ നയിക്കും

 ടാറ്റയെ ഇനി രത്തൻ്റെ അർധ സഹോദരൻ നോയൽ നയിക്കും

മുംബൈ: അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ സ്ഥാനത്തേക്ക് നോയല്‍ എൻ ടാറ്റ. ഇന്ന് മുംബൈയില്‍ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് അറുപത്തിയേഴുകാരനായ നോയല്‍.

ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങള്‍. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പതിനൊന്നാമത്തെ ചെയര്‍മാനും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയര്‍മാനുമായാണ് നോയല്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ 52 ശതമാനത്തോളം ഓഹരിയാണ് ഇരു ട്രസ്റ്റുകളും ചേർന്ന് കൈവശം വെച്ചിരിക്കുന്നത്. സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും സർ ദൊറാബ്ജി ട്രസ്റ്റിന്റെയും കീഴില്‍ മൂന്ന് ട്രസ്റ്റുകള്‍ വീതമുണ്ട്. ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാനും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ നോയല്‍ ടാറ്റ നാല് പതിറ്റാണ്ടായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ട്രെന്റ്, വോള്‍ട്ടാസ് ആന്‍ഡ് ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷന്‍ എന്നിവയുടെ ചെയര്‍മാനായും ടാറ്റ സ്റ്റീല്‍ ആന്‍ഡ് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിക്കുന്നത് ഉള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡുകളില്‍ നോയല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നു. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് ട്രസ്റ്റി പദവി വഹിച്ചുകൊണ്ടിരുന്ന നോയല്‍, ടാറ്റ ഗ്രൂപ്പിന്റെ വ്യാപാര-വിതരണ വിഭാഗമായ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമാണ്.

അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ 2010 ഓഗസ്റ്റിനും 2021 നവംബറിനുമിടയില്‍ 500 മില്യണ്‍ ഡോളറിന്റെ വിറ്റുവരവില്‍നിന്ന് മൂന്ന് ബില്യണ്‍ ഡോളറിലേക്ക് കമ്പനിയുടെ വളര്‍ച്ച പ്രാപിച്ചു. ടാറ്റ ട്രെന്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനവും നോയല്‍ വഹിച്ചിരുന്നു. കമ്പനിയുടെ വിപുലീകരണത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 1998-ല്‍ ഒരു സ്റ്റോര്‍ മാത്രമുണ്ടായിരുന്ന കമ്പനി ഇന്ന് എഴുന്നൂറിലധികം സ്റ്റോറുകളായി വളര്‍ന്നു.

യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി നോയല്‍ ടാറ്റ ഐഎന്‍എസ്‌ഇഎഡിയില്‍നിന്ന് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. നവല്‍ എച്ച്‌ ടാറ്റയും സിമോണ്‍ എന്‍ ടാറ്റയുമാണ് മാതാപിതാക്കള്‍. നവല്‍ എച്ച്‌ ടാറ്റയ്ക്ക് രണ്ട് ഭാര്യമാണുണ്ടായിരുന്നത്. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും. രത്തൻ ടാറ്റയ്ക്കുശേഷം ഇടക്കാലത്ത് ടാറ്റ സണ്‍സ് ചെയർമാൻ സ്ഥാനം വഹിച്ച സൈറസ് മിസ്ത്രിയുടെ സഹോദരി അലൂ മിസത്രിയാണ് നോയലിന്റെ ഭാര്യ. ലിയ ടാറ്റ, നെവില്‍ ടാറ്റ, മായ ടാറ്റ എന്നിവരാണ് നോയല്‍ ടാറ്റ- അലൂ മിസ്ത്രി ദമ്പതികളുടെ മക്കള്‍. മൂവരും ടാറ്റ ട്രസ്റ്റ് ബോർഡ് അംഗങ്ങളാണ്. നോയല്‍ ടാറ്റയുടെ മകള്‍ മായ ടാറ്റ, മെഹര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഡയറക്ടർ മെഹ്ലി മിസ്ത്രി എന്നീ പേരുകളും ടാറ്റ ട്രസ്റ്റ് ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ കസിന്‍ കൂടിയാണ് മെഹ്‌ലി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes