രാജ്യത്തിന്റെ യശ്ശസുയർത്തി മെയ്ക്ക് ഇൻ ഇന്ത്യ തേജസ് വിമാനം
ന്യൂഡൽഹി: ഇന്ത്യയുടെ യശ്ശസ്സുയർത്തുകയാണ് മെയ്ക്ക് ഇൻ ഇന്ത്യ വിമാനമായ തേജസ്. കഴിഞ്ഞ ദിവസം ഇന്ത്യൻ ആർമി-നേവി-എയർ ഫോഴ്സ് തുടങ്ങിയവയുടെ വൈസ് ചീഫുമാർ ഇന്ത്യയുടെ തദ്ദേശീയ വിമാനം പറത്തിയിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിന്റെ തരംഗ് ശക്തി 2024 പരിശീലനപ്പറക്കലിന്റെ ഭാഗമായായിരുന്നു ഇത്. തേജസ് വിമാനത്തെ തരംഗ് ശക്തിയിൽ ഉൾപ്പെടുത്തിയത് തദ്ദേശീയ പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയുടെ പ്രതിരോധ സന്നാഹങ്ങൾ ആധുനീകരിക്കുന്നതിലുള്ള സ്ഥാനം അടയാളപ്പെടുത്തുന്നു. ഒപ്പം വ്യോമയാന രംഗത്ത് മെയ്ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യവും ഇത് വെളിപ്പെടുത്തുന്നു.
ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധ വിമാനമാണ് എച്ച്എഎൽ തേജസ്. ഡിആർഡിയുടെ കീഴിലുള്ള എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസി രൂപകൽപന ചെയ്ത ലഘു വിമാനത്തിന്റെ നിർമാണം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡാണ്. 2015ലാണ് തേജസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. എച്ച്എഎൽ വികസിപ്പിച്ച രണ്ടാമത്തെ സൂപ്പർസോണിക് വിമാനമാണ് തേജസ്.
എയ്റോ ഇന്ത്യ 2023ൽ തേജസിന് 50000 കോടി രൂപയുടെ കയറ്റുമതി ഓർഡർ ലഭിച്ചിരുന്നു. 2023ന് മുൻപ് തേജസ് വിമാനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും 84,000 കോടിയുടെ ഓർഡർ ലഭിച്ചിരുന്നു. 2025 ആകുമ്പോഴേക്കും16 വിമാനങ്ങൾ കൈമാറുകയാണ് ലക്ഷ്യം. മലേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും തേജസ് വിമാനം വാങ്ങാൻ ഇന്ത്യയെ സമീപിച്ചിരുന്നു.
മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് മുമ്പ് ആത്മനിർഭർ ഭാരതിനു കീഴിൽ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൻ്റെ ഫെയർചൈൽഡ്-ഡോർണിയർ 228 വിമാനം നിർമിച്ചിരുന്നു. ഫ്രഞ്ച് ഡ്രോൺ നിർമ്മാതാക്കളായ എൽഎച്ച് ഏവിയേഷൻ ഡ്രോണുകൾ നിർമ്മിക്കുന്നതിനായി ഇന്ത്യയിൽ നിർമ്മാണ പ്ലാന്റും പ്രഖ്യാപിച്ചു. മേക്ക് ഇൻ ഇന്ത്യയുടെ ഫലമായി 35,000 കോടി (5.2 ബില്യൺ ഡോളർ) മുതൽമുടക്കിൽ മഹാരാഷ്ട്രയിൽ വിമാന നിർമ്മാണ പ്ലാന്റും വരുന്നുണ്ട്.
ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പാദനത്തിൽ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള ഗവൺമെന്റ് സംരംഭമാണ് മെയ്ക്ക് ഇൻ ഇന്ത്യ. അനുകൂല നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുകയും വിദേശ മൂലധനത്തിനായി പുതിയ മേഖലകൾ തുറക്കുകയുമാണ് ലക്ഷ്യം.