16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നു പേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേർ പിടിയില്‍. നെയ്യാറ്റിൻകര കണ്ണറവിള സ്വദേശികളായ ആദർശ് (22), അഖില്‍ (21), പെരിങ്ങമ്മല സ്വദേശി അനുരാഗ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം ഇരുപത്തെട്ടാം തീയതി പുലർച്ചെ പൂവാർ സ്വദേശിനിയായ പെണ്‍കുട്ടിയേയും അനുജത്തിയേയും വീട്ടുകാരറിയാതെ കാറില്‍ കയറ്റിക്കൊണ്ടുപോയി കാറില്‍വച്ച് മൂന്നുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തിയുടെ മുന്നില്‍വച്ചായിരുന്നു മൂവർസംഘം ചേച്ചിയെ ബലാത്സംഗം ചെയ്തത്.
16 കാരിയുമായി പ്രതികളിലൊരാളായ ആദർശിന് അടുപ്പമുണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയാണ് ആദർശ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് പെണ്‍കുട്ടിയുടെ ജന്മദിനത്തില്‍ രാത്രി സംഘം വീട്ടിലെത്തുകയും സമ്മാനം വാങ്ങി നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടുകാരറിയാതെ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ അനുജത്തിയേയും ഒപ്പം കൂട്ടി.
തുടർന്ന് മൂന്നുമണിവരെ പൂവാർ പരിസരത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടെ സംഘം 16കാരിയെ പീഡനത്തിനിരയാക്കി. കുട്ടിയുടെ ദേഹാസ്വാസ്ഥ്യം മാതാപിതാക്കളാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് ഇവർ പൂവാർ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വിവരം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാർ പൂവാർ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം വൈകിയെന്നാണ് ബന്ധുക്കളുടെ പരാതി.